ചിറ്റൂർ: മണ്ഡലത്തിൽ 10 വർഷത്തിനിടെ വിദ്യാഭ്യാസ പുരോഗതിക്കായി 139 കോടി രൂപ ചെലവഴിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. വടകരപ്പതി ഗ്രാമപഞ്ചായത്തിലെ കോഴിപ്പാറ ജിഎൽപിഎസ്, മേനോൻപാറ ഗവ. യുപി സ്കൂൾ, കള്ളിയന്പാറ ജിഎൽപി സ്കൂൾ എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മേഖലയിൽ വലിയ വിപ്ലവമാണ് മണ്ഡലത്തിൽ നടപ്പിലാക്കിയത്. 60 കോടി രൂപ ഉന്നത വിദ്യാഭ്യാസത്തിനായും 62 കോടി പൊതുവിദ്യാഭ്യാസത്തിനായും മാറ്റിവെച്ചു.
കൂടാതെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 17 കോടി രൂപയും ചിലവഴിച്ചു. സംസ്ഥാന സർക്കാരിന്റെ വിദ്യകിരണം പദ്ധതിയിലൂടെ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മുന്നേറ്റം ഉറപ്പുവരുത്താനും സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കോടി രൂപ വീതം ചെലവഴിച്ചാണ് മൂന്ന് സ്കൂളുകൾക്കും പുതിയ കെട്ടിടം നിർമിക്കുന്നത്.
ഈ സ്കൂളുകളിലായി നടന്ന പരിപാടികളിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജെ ഷമീം റിപ്പോർട്ട് അവതരിപ്പിച്ചു.
പാലക്കാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബി.സിന്ധു, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വി.വി. ജൂലി, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ദിനേഷ്, വൈസ് പ്രസിഡന്റ് ലിഡിയ പ്രിൻസി, വടകരപ്പതി ഗ്രാമപഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എസ്. ഉമാമഹേശ്വരി, വാർഡ് മെംബർമാരായ എം. മഹേഷ്,എസ്. ദേവദാസ്, ഡി. ജോസി ബ്രിട്ടോ, ഹെഡ്മാസ്റ്റർമാരായ കെ. ചന്ദ്രൻ, എ. ആനന്ദൻ, സി. ദിനകരൻ മറ്റു വിവിധ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.